ലോകത്ത് മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന് ലോകാരോഗ്യസംഘടന. ദി ലാൻസെറ്റ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2021-ലെ കണക്കുകൾ പ്രകാരം മൂന്നിലൊരാൾ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടെന്നും പഠനം പറയുന്നു.
1990 മുതലുള്ള കണക്കെടുത്താൽ നാഡീസംബന്ധമായ തകരാറുകൾ മൂലമുള്ള രോഗങ്ങൾ, അതുമൂലമുള്ള അകാലമരണം തുടങ്ങിയവ പതിനെട്ട് ശതമാനമായി വർധിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്. നാഡീസംബന്ധമായ തകരാറുകളാൽ മരിക്കുന്നവരിൽ എൺപതുശതമാനത്തിലേറെയും കുറഞ്ഞ വരുമാനം ഉള്ളതോ, ഇടത്തരം വരുമാനം ഉള്ളതോ ആയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മതിയായ ചികിത്സയും രോഗികളുടെ പുനരധിവാസവുമൊക്കെ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. നാഡീസംബന്ധമായ തകരാറുകൾ വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തികമായും മോശമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.